♦️ഡി. ഫാം
ഫാര്‍മസി രംഗത്തെ അടിസ്ഥാന കോഴ്‌സാണ് ഫാര്‍മസി ഡിപ്ലോമ അഥവാ ഡി.ഫാം. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ഫാര്‍മസി കോളേജുകളിലും ഈ കോഴ്‌സ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പ്രവേശനനടപടികള്‍. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവോ തത്തുല്യപരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 17-35 വയസ്.
▪️ആഗസ്ത് സെപ്തംബര്‍ മാസങ്ങളിലാണ് പ്രവേശനത്തിനുളള നടപടികള്‍ തുടങ്ങുക. തിരുവനന്തപുരം (20 സീറ്റ്), ആലപ്പുഴ (40), കോട്ടയം (30), കോഴിക്കോട് (50) മെഡിക്കല്‍ കോളേജുകളില്‍ ഡി. ഫാം കോഴ്‌സ് നടത്തുന്നുണ്ട്.
▪️തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് ആണ് സര്‍ക്കാര്‍ തലത്തില്‍ ഡി.ഫാം കോഴ്‌സ് നടത്തുന്ന മറ്റൊരു സ്ഥാപനം. ഇവിടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
▪️മുകളില്‍ പറഞ്ഞ അഞ്ച് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതിനുപുറമെ എല്ലാ ജില്ലകളിലും സ്വകാര്യസ്ഥാപനങ്ങളില്‍ ഡി.ഫാം കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.
പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ
♦️ബി.ഫാം
ഫാര്‍മസിയിലെ ബിരുദകോഴ്‌സായ ബി.ഫാമിന് നാലു വര്‍ഷം ദൈര്‍ഘ്യമുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ-സ്വാശ്രയമേഖലയിലും ബി.ഫാം കോഴ്‌സ് നടക്കുന്നുണ്ട്. ബയോളജിക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡി.ഫാം പരീക്ഷ ജയിച്ചവര്‍ക്കും ബി.ഫാം കോഴ്‌സിന് അപേക്ഷിക്കാം. ബി.ഫാം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഉന്നതപഠനത്തിനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിക്കുന്നവര്‍ക്ക് ഗേറ്റ് പരീക്ഷയെഴുതി ഫെലോഷിപ്പോടെ രണ്ടു വര്‍ഷത്തെ എം.ഫാം കോഴ്‌സിന് ചേരാം. എം.ടെക് (ബയോ ടെക്‌നോളജി/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്), എം.ബി.എ. (ഫാര്‍മ മാര്‍ക്കറ്റിങ്) എന്നീ കോഴ്‌സുകള്‍ക്കും ബി.ഫാം ബിരുദക്കാര്‍ക്ക് പ്രവേശനം ലഭിക്കും.
▪️ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20 സീറ്റ്), കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുളള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20 സീറ്റ്), കോട്ടയം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (60), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് (60) എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ തലത്തില്‍ ബി.ഫാം കോഴ്‌സ് നടക്കുന്നത്.
♦️എം.ഫാം.
ഫാര്‍മസി പഠനശാഖയിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയായ എം.ഫാം കോഴ്‌സ് കേരളത്തില്‍ അഞ്ചു സ്ഥാപനങ്ങളിലേ നടത്തുന്നുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണയിലെ അല്‍-ഫിഷ കോളേജ് ഓഫ് ഫാര്‍മസി, കോട്ടയം പാമ്പാടിയിലെ നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി എന്നിവയാണവ. ഇവിടെയെല്ലാം കൂടി 56 സീറ്റുകളേയുള്ളൂ. സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. 50 ശതമാനം മാര്‍ക്കോടെ ബി.ഫാം പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.
♦️ഫാംഡി
ഫാം.ഡി. കോഴ്സിന് അപേക്ഷിക്കുന്നവർ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ബയോളജി / മാത്തമാറ്റിക്സ് മാത്രം 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനവും മാർക്കോടെ വിജയിച്ചിരിക്കണം. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ സെക്ഷൻ 12 ഫാർമസി ആക്ട് പ്രകാരം അംഗീകാരമുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും 50 ശതമാനം മാർക്കോടെ ഡി.ഫാം കോഴ്സ് ജയിച്ചവർ ഫാം.ഡി.കോഴ്സിന് അർഹരാണ്.
▪️ആകെ സീറ്റിന്റെ 20 ശതമാനം സീറ്റുകൾ ഡി.ഫാം കോഴ്സ് ജയിച്ചവർക്കായി സംവരണം ചെയ്തിട്ടുണ്ട്.
▪️12 കഴിഞ്ഞ് 6 വർഷം. അല്ലെങ്കില്‍ 4–വർഷ ബിഫാം കഴിഞ്ഞ് 3–വർഷ ഫാംഡി.
♦️ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാംഡി
▪️മരുന്നുമായി ബന്ധപ്പെട്ട മേഖലകളിൽ താത്പര്യമുള്ള പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്സ് എടുത്തു പാസായവർക്ക് രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സായ ഡി.ഫാം, നാല് വർഷ ഡിഗ്രി കോഴ്സായ ബി.ഫാം എന്നിവയ്ക്ക് പോകാം. ഡി.ഫാം പാസായവർക്ക് ബി.ഫാം കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടി മൂന്ന് വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാം.
▪️ഡിഗ്രിക്ക് ശേഷം പി.ജി. കോഴ്സ് ആയ രണ്ടു വർഷത്തെ എം.ഫാമിന് ചേരാം. അതിനു ശേഷം താൽപര്യമുള്ളവർക്ക് റിസർച്ചിനും അധ്യാപന മേഖലയിലേക്കും തിരിയാം. ക്ലിനിക്കൽ ഫാർമസിസ്റ്റ് ആകാൻ ആഗ്രഹിക്കുന്നവർക്ക് ചേരാനാണ് ആറു വർഷത്തെ ഫാംഡി കോഴ്സിന് അപേക്ഷിക്കാം. പ്ലസ്ടുക്കാർക്ക് ഈ കോഴ്സിന് നേരിട്ട് ചേരാവുന്നതാണ്. ബി.ഫാം കഴിഞ്ഞവരാണെങ്കിൽ ഫാംഡി കോഴ്സിന് മൂന്നാം വർഷം ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം.
▪️ഫാംഡി കഴിഞ്ഞാൽ ക്ലിനിക്കൽ ഫാർമസിസ്റ്റാവാം. പേരിന് മുമ്പിൽ ഡോക്ടർ എന്ന ടൈറ്റിൽ എഴുതാനും സാധിക്കും. ക്ലിനിക്കൽ ഫാർമസിസ്റ്റ് സാധാരണ ഫാർമസിസ്റ്റുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോക്കാം.
▪️ചികിൽസിക്കുന്ന ഡോക്ടർ രോഗനിർണയം നടത്തിക്കഴിഞ്ഞാൽ രോഗികൾക്ക് നിർദ്ദേശിക്കപ്പെട്ട മരുന്ന് കൊടുക്കുന്നത്, അതിന്റെ ശരിയായ ഡോസേജ്, നൽകുന്ന മരുന്നുകളുടെ ഗുണനിലവാരം, മരുന്ന് നൽകുന്നത് തികച്ചും നിയമ വിധേയമാണ് എന്നീ കാര്യങ്ങൾ ഉറപ്പു വരുത്തുക, മരുന്നുകളുടെ പാർശ്വഫലങ്ങൾ, മരുന്നുകൾ സൂക്ഷിക്കേണ്ട വിധം എന്നിവ വിവരിക്കുക, തുടങ്ങിയവയെല്ലാമാണ് സാധാരണ ഫാർമസിസ്റ്റിന്റെ ജോലി. ഇത് കൂടാതെ ഔഷധ കമ്പനികളിൽ ഉത്പാദനം, ഗുണമേന്മ നിയന്ത്രണം, വിപണനം, ഗവേഷണം, ഫാർമസികളിൽ മരുന്നുകൾ ശരിയായ ഊഷ്മാവിലും രീതിയിലും സൂക്ഷിക്കുക, അവ വിതരണം ചെയ്യുക എന്നിവയും സാധാരണ ഫാർമസിസ്റ്റിന്റെ തൊഴിൽ മേഖലകളാണ്. സർക്കാർ സർവീസിൽ ഫാർമസിസ്റ്റിന് പുറമേ ഡ്രഗ് ഇൻസ്പെക്ടർ, ഡ്രഗ് കൺട്രോളർ എന്നീ തസ്തികകളുമുണ്ട്.
▪️പല വികസിത രാജ്യങ്ങളിലും ഡോക്ടർ രോഗനിർണയം നടത്തിയ ശേഷം രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നതും, അവയുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുന്നതും ക്ലിനിക്കൽ ഫാർമസിസ്റ്റ് എന്ന പ്രൊഫഷനലുകളാണ്. ഇന്ത്യയിൽ ഫാംഡി ആണ് അതിനുള്ള കുറഞ്ഞ യോഗ്യത. അവർ ഡോക്ടറുടെ കൂടെ തന്നെ ഒരു ടീമായി ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുകയും അവരുടെ മരുന്ന് സംബന്ധമായ എല്ലാ കാര്യങ്ങളിലും നിരന്തരം ഇടപെടുകയും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും വേണ്ട മരുന്നു/ഡോസു മാറ്റങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ അത്ര വളർച്ച പ്രാപിച്ചിട്ടില്ല. ഇവിടെ വളരെ കുറച്ചു ആശുപത്രികൾ മാത്രമാണ് ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇതുവരെ പഠിച്ചിറങ്ങിയ ഫാംഡിക്കാർക്ക് തങ്ങളുടെ ചെലവേറിയ നീണ്ട കാല പഠനത്തിനൊടുവിൽ അർഹിക്കുന്ന തരം തൊഴിലിടങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്ന കാര്യം ഒരു യാഥാർത്ഥ്യമായി നമ്മുടെ മുമ്പിലുണ്ട്. ഔഷധ നിർമ്മാണ വ്യവസായ വ്യാപാര മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ എം.ബിഎ Pharmaceutical management കൂടി ചെയ്യുന്നത് മെച്ചപ്പെട്ട പോസ്റ്റിങിന് സഹായകമായേക്കും.
0 Comments